ആലപ്പുഴ: രാത്രി ഏഴു കഴിഞ്ഞാല്‍ കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ കട്ടപ്പുറത്ത്. ജില്ലയിലെ ഒട്ടുമിക്ക കെഎസ്ആര്‍ടിസി ഡിപ്പോകളിലെയും അവസ്ഥയാണിത്. രാത്രി ഏഴുകഴിഞ്ഞാൽ ആലപ്പുഴയില്‍നിന്നു തുടങ്ങുന്ന ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ വിരലിലെണ്ണാവുന്നവ. പിന്നെ ആശ്രയം വല്ലപ്പോഴുമെത്തുന്ന ദീര്‍ഘദൂര സര്‍വീസുകളായ സൂപ്പര്‍ഫാസ്റ്റുകളാണ്.
ധാരാളം ബസുകള്‍ സ്റ്റാന്‍ഡില്‍ കിടക്കുമ്പോഴും ബസിനായി കാത്തുനിന്ന് ഒടുവില്‍ യാത്രക്കാരും അധികൃതരുമായി സംഘര്‍ഷമുണ്ടാകുന്ന കാഴ്ചയും പതിവാകുകയാണ്. ദീര്‍ഘദൂര ബസുകൾ കുറവുള്ള ഞായറാഴ്ചകളില്‍ മിക്കവാറും ഇത്തരം സംഘര്‍ഷങ്ങള്‍ പതിവാണ്.
ഇതിനിടയില്‍ ഭക്ഷണം കഴിക്കാനെന്നപേരില് വഴിയില്‍ കിടക്കേണ്ടിവരുന്ന അവസ്ഥയും സ്ഥിരം കാഴ്ചയാണ്.
സാധാരണ സ്റ്റോപ്പുകളിലിറങ്ങേണ്ട യാത്രക്കാര്‍ക്ക് ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. രാത്രി ഏഴു കഴിഞ്ഞാല്‍ മണിക്കുറുകള്‍ കാത്തുനിന്നാലാണ് പലപ്പോഴും ഒരു സൂപ്പര്ഫാസ്റ്റെത്തുന്നത്. ഇത് രാത്രി 10നുശേഷമേ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്റ്റോപ്പില്‍ നിര്‍ത്തൂ എന്ന് കണ്ടക്ടര്‍മാര്‍ വാശിപിടിക്കും. ലോക്കല്‍ സ്റ്റോപ്പുകളിലിറങ്ങേണ്ടവര് സൂപ്പര്‍ഫാസ്റ്റ് നിര്‍ത്തുന്ന സ്റ്റോപ്പുകളിലിറങ്ങി, കാല്‍നടയായോ ഓട്ടോറിക്ഷ വിളിച്ചോ വീടുകളിലെത്തേണ്ട അവസ്ഥ.
രാത്രി എട്ടിനുശേഷം സര്‍വീസുകള്‍ പിന്നെയും കുറയും. ആലപ്പുഴയില്നിന്നാണെങ്കില് 9.10ന് ചങ്ങനാശേരിയിലേക്കുള്ള ലാസ്റ്റ് ബസ് പോയിക്കഴിഞ്ഞാല്‍ കുട്ടനാട്ടിലേക്കു പോകുന്നവര്‍ക്ക് പെരുവഴി തന്നെ ശരണം. ഒമ്പതിനു ചേര്‍ത്തലയിലേക്കുള്ള ഓര്‍ഡിനറി ബസും 9.45ന് മൂന്നാറിലേക്കുള്ള ഫാസ്റ്റ് പാസഞ്ചറുമാണ് ദേശീയപാതയില്‍ ആലപ്പുഴ- ചേര്‍ത്തല റൂട്ടിലുള്ളവര്ക്കുള്ള ഏക ആശ്രയം. പിന്നീടെത്തുന്നത് സൂപ്പര്‍ഫാസ്റ്റുകളാണ്. അതും ഞായറായഴ്ചയും അവധി ദിവസങ്ങളിലും തീരെക്കുറവും. അതിനാല്‍ മണിക്കൂറുകള്‍ കാത്തുനിന്നാലാണ് ഒരു സൂപ്പര്ഫാസ്റ്റെത്തുന്നത്.
ആലപ്പുഴയില്‍നിന്ന് ചേര്ത്തലയിലെത്തേണ്ട യാത്രക്കാരുടെ ദുരിതമാണ് വലുത്. ആലപ്പുഴയിലും ചേര്‍ത്തലയിലും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനടുത്ത് നല്ല ഹോട്ടലുകളുണ്ടെങ്കിലും ചേര്‍ത്തലയില്‍നിന്ന് കിലോമീറ്ററുകള്‍ മാറിയുള്ള 11-ാം മൈലിലെ ഹോട്ടലിലാണ് ഭക്ഷണം കഴിക്കാനായി സൂപ്പര്‍ഫാസ്റ്റുകള്‍ നിര്‍ത്തുന്നത്. ഇതിനാല്‍ ആലപ്പുഴയില്‍നിന്ന് ചേര്ത്തയിലേക്കുള്ള യാത്രക്കാരും ചേര്‍ത്തലയില്‍നിന്ന് ആലപ്പുഴയ്ക്കു പോകേണ്ടവരും അനുഭവിക്കുന്ന ബുദ്ധിമുട്ട് പറഞ്ഞറിയിക്കാനാവാത്തതാണ്.
ബസ് രണ്ടു ബസ്റ്റാന്ഡുകള്ക്കിടയിലെ ഈ ഹോട്ടലില്‍ കയറ്റി ഡ്രൈവറും കണ്ടക്ടറും ഭക്ഷണം കഴിച്ചിറങ്ങാന്‍ അരമണിക്കൂറിലധികമാണെടുക്കുന്നത്. കേവലം അരമണിക്കൂറുകൊണ്ടെത്തേണ്ട സ്ഥാനത്ത് ഇരട്ടിയിലധികം സമയമെടുത്താണ് ഇരു ബസ് സ്റ്റാന്‍ഡുകളിലേക്കും ഇതുമൂലം യാത്രക്കാര്ക്കെത്താനാവുന്നത്.
ഭക്ഷണം കഴിക്കാന്‍ ചില മാനദണ്ഡങ്ങള്‍ നോക്കി കെഎസ്ആര്‍ടിസി അനുമതി കൊടുത്തിരിക്കുന്നത് ഈ ഹോട്ടലിനാണെന്നാണ് ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും പറയുന്നത്. ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി കാന്റീനുണ്ടെങ്കിലും അവിടെനിന്നു ഭക്ഷണം കഴിക്കാതെ യാത്രയ്ക്കിടെ ഭക്ഷണത്തിനായി നിര്‍ത്തുന്നതിനാല്‍ പെട്ടുപോകുന്ന അവസ്ഥയിലാണ് യാത്രക്കാര്‍.
ചേര്‍ത്തലവഴി പോകുന്ന പല സൂപ്പര്‍ഫാസ്റ്റുകളും സ്റ്റാന്‍ഡില്‍ കയറാതെ ബൈപ്പാസ് വഴി തിരിഞ്ഞുപോകുകയാണ്. ഇതുമൂലം വഴിയില്‍ ഭക്ഷണം കഴിക്കാനായി അരമണിക്കൂറിലധികം കളഞ്ഞ യാത്രക്കാര്‍ എക്സ് റേ ജംഗ്ഷനിലിറങ്ങി ഓട്ടോ വിളിച്ച് സ്റ്റാന്‍ഡിലെത്തേണ്ട സ്ഥിതിയാണ്. സമയം വൈകിയാല്‍ ഓട്ടോ പോലും കിട്ടില്ല. പിന്നെ കാൽനട തന്നെ ശരണം.
കൊറോണയ്ക്കു മുമ്പ് രാത്രി 10 വരെ ഓര്‍ഡിനി, ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകളുണ്ടായിരുന്നു. കൊറോണയോടെ നിര്‍ത്തിയ ഈ സര്‍വീസുകള്‍ പിന്നീട് പുനരാരംഭിച്ചിട്ടില്ലെന്നാണ് അധികൃതര്‍ നല്കുന്ന മറുപടി. കൊറോണക്കാലം കഴിഞ്ഞിട്ട് കാലം കുറെയായെങ്കിലും കെഎസ്ആര്‍ടിസിയെ ഇപ്പോഴും കൊറോണ വിട്ടൊഴിഞ്ഞിട്ടില്ല.